കടക്കെണിയില്‍ നിന്നു മോചനം

Written by on 3rd January 2018

ആരോടും ഒരു രൂപ പോലും കടം വാങ്ങാതെ ജീവിക്കാനൊക്കുമോ?

ലോകത്ത് ഒരാളെക്കൊണ്ടും അത് സാദ്ധ്യമാകില്ല എന്നാണോ നിങ്ങള്‍ പറയാന്‍ ഭാവിക്കുന്നത്. വരട്ടെ. അനാവശ്യമായ ചെലവുകളുടെ പേരില്‍ മറ്റുള്ളവരോട് ഒരു കടബാദ്ധ്യതയും വരുത്താതെ സമാധാനപൂര്‍വമായി ജീവിക്കുന്നവര്‍ ധാരാളം പേരുണ്ട് നമുക്കു ചുറ്റും. ‘ഉള്ളതു കൊണ്ട് ഓണം പോലെ’ എന്ന പഴഞ്ചൊല്ല് ഒരുപക്ഷേ മലയാളത്തില്‍ മാത്രമേ കാണുകയുള്ളൂ. അത്തരമൊരു മാനസികാവസ്ഥയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കടങ്ങളുടെ നീരാളിയെ ഭയക്കാതെ ജീവിക്കാം. ഒരു നിശ്ചിത തീയതിക്ക് തിരിച്ചു കൊടുക്കാമെന്നു പറഞ്ഞാണല്ലോ നിങ്ങള്‍ കടം വാങ്ങുക. പക്ഷേ പല ‘കാരണങ്ങളാലും’ വാക്കു പറഞ്ഞതുപോലെ നിങ്ങള്‍ക്കു പ്രവര്‍ത്തിക്കാനാകാതെ പോകുന്നു. ഈ ‘കാരണങ്ങള്‍’ പലതും നിങ്ങള്‍ സ്വയം വരുത്തി വയ്ക്കുന്നതാകുമെന്നത് വേറേ കാര്യം. ഇങ്ങനെ വാക്കു തെറ്റുന്ന (തെറ്റിക്കുന്ന) ആദ്യത്തെ പ്രാവശ്യം കടം തന്ന ആളെ അഭിമുഖീകരിക്കാന്‍ നിങ്ങള്‍ക്ക് വലിയ വിഷമമായിരിക്കും. പക്ഷേ എന്തെങ്കിലുമൊരു ഒഴിവു കഴിവു പറഞ്ഞ് നിങ്ങള്‍ മറ്റൊരവധിയിലേക്ക് കടബാദ്ധ്യത നീക്കി വയ്ക്കാന്‍ ശ്രമിക്കുന്നു. അയാള്‍ ചിലപ്പോള്‍ അതു സമ്മതിക്കുന്നു. പക്ഷേ ഓര്‍ക്കുക, തല്‍ക്കാലത്തെ അവധികൊണ്ട് തല്‍ക്കാല ശാന്തി മാത്രമേ ഉണ്ടാവുകയുള്ളൂ. അത് പാലിക്കാന്‍ പറ്റുന്നില്ലെങ്കില്‍ സ്വയം വ്യക്തിത്വം നശിപ്പിക്കുന്ന അവസ്ഥയില്‍ എത്തുകയാണ് നിങ്ങള്‍. ഒരു തവണ അവധി പറഞ്ഞാല്‍ അതൊരു ആയിരം അവധി പറച്ചിലായി മാറാന്‍ കാലതാമസമുണ്ടാകില്ല. ഒടുവില്‍ വാക്കു പാലിക്കാത്തവന്‍, കടം വാങ്ങിയാല്‍ തിരിച്ചു തരാത്തവന്‍, പറ്റിപ്പുകാരന്‍ എന്നിങ്ങനെയുള്ള കുറേ ബിരുദങ്ങള്‍ നിങ്ങള്‍ക്ക് ചാര്‍ത്തിക്കിട്ടുമെന്നല്ലാതെ അതുകൊണ്ട് മറ്റെന്തു ഗുണം.

കടം വരുന്ന വഴി

കടം വാങ്ങുന്നത് നിങ്ങളുടെ ഒരു ശീലമായത് എങ്ങനെയാണെന്നറിയാമോ? ഒന്ന്, നിങ്ങളുടെ ആവശ്യങ്ങള്‍ ദിനംപ്രതി കൂി വരികയാണെന്ന് നിങ്ങള്‍ സ്വയം വിശ്വസിക്കുന്നതുകൊണ്ട്. രണ്ട്, അതിനനുസൃതമായി നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കാത്തതു കൊണ്ട്. മൂന്ന്, സ്ഥിരമായി കടം തന്നു സഹായിക്കാന്‍ ചിലരുണ്ടായതുകൊണ്ട്. ഇതില്‍ മൂന്നാമത്തെ കാരണമാണ് അപകടകരം. ഏത് അവസ്ഥയിലും നിങ്ങളെ സഹായിക്കുന്ന ചിലരുണ്ടാകും. ഉറ്റ ബന്ധുക്കള്‍, സ്നേഹിതര്‍, മേലുദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍, പണം പലിശക്കു നല്‍കുന്നവര്‍ അങ്ങനെ ചിലര്‍ എപ്പോഴും ജീവിതത്തില്‍ ഉണ്ടെന്ന് വ്യക്തം. അല്ലെങ്കില്‍ ഇതുവരെ ഇങ്ങനെ കടം വാങ്ങി ജീവിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ലല്ലോ. ഈ വ്യക്തികള്‍ നിങ്ങളോട് ആത്മാര്‍ത്ഥ സ്നേഹമുള്ളവര്‍ തന്നെയാണ്. അതാണ് മുങ്ങുന്ന അവസ്ഥയിലും നിങ്ങള്‍ക്ക് ചില്ലറ കടം തന്നു നിങ്ങളെ പിന്നെയും സഹായിക്കുന്നത്.

കടം വാങ്ങുന്നത് നിങ്ങളുടെ ഒരു ശീലമായത് എങ്ങനെയാണെന്നറിയാമോ? ഒന്ന്, നിങ്ങളുടെ ആവശ്യങ്ങള്‍ ദിനംപ്രതി കൂി വരികയാണെന്ന് നിങ്ങള്‍ സ്വയം വിശ്വസിക്കുന്നതുകൊണ്ട്. രണ്ട്, അതിനനുസൃതമായി നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കാത്തതു കൊണ്ട്. മൂന്ന്, സ്ഥിരമായി കടം തന്നു സഹായിക്കാന്‍ ചിലരുണ്ടായതുകൊണ്ട്. ഇതില്‍ മൂന്നാമത്തെ കാരണമാണ് അപകടകരം. ഏത് അവസ്ഥയിലും നിങ്ങളെ സഹായിക്കുന്ന ചിലരുണ്ടാകും. ഉറ്റ ബന്ധുക്കള്‍, സ്നേഹിതര്‍, മേലുദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍, പണം പലിശക്കു നല്‍കുന്നവര്‍ അങ്ങനെ ചിലര്‍ എപ്പോഴും ജീവിതത്തില്‍ ഉണ്ടെന്ന് വ്യക്തം. അല്ലെങ്കില്‍ ഇതുവരെ ഇങ്ങനെ കടം വാങ്ങി ജീവിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ലല്ലോ. ഈ വ്യക്തികള്‍ നിങ്ങളോട് ആത്മാര്‍ത്ഥ സ്നേഹമുള്ളവര്‍ തന്നെയാണ്. അതാണ് മുങ്ങുന്ന അവസ്ഥയിലും നിങ്ങള്‍ക്ക് ചില്ലറ കടം തന്നു നിങ്ങളെ പിന്നെയും സഹായിക്കുന്നത്.

കടം തരുന്നവരെ അകറ്റി നിര്‍ത്തുക

പക്ഷേ ഈ സദുദ്ദേശ്യസഹായം നിങ്ങള്‍ക്ക് ഗുണമോ ദോഷമോ? ആലോചിച്ചു നോക്കൂ. നിങ്ങള്‍ വീട്ടാനുള്ള കടത്തിന്‍റെ കണക്കില്‍ ഒരു തുക കൂടി എഴുതി ചേര്‍ക്കാനല്ലേ ഇത് സഹായിക്കുന്നുള്ളൂ? സഹായത്തിന് നമ്മള്‍ പലപ്പോഴും കാണാതെപോകുന്ന ഒരു ഇരുണ്ട വശമുണ്ട്. ഇത്തരം ‘സഹായി’കള്‍ പലപ്പോഴും നിങ്ങളില്‍ ഒരു ആശ്രിതമനോഭാവം സൃഷ്ടിക്കുന്നവരാണ്. ഈയൊരു സമവാക്യം പ്രധാനമായും കാണുന്നത് മാതാപിതാക്കളും മക്കളും തമ്മിലാണ്. ചിലപ്പോള്‍, മുതിര്‍ന്നു കഴിഞ്ഞാലും മക്കള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ നിന്നും വിട്ടു പോകാതിരിക്കാന്‍ അവരിങ്ങനെയൊരു മാര്‍ഗ്ഗം കണ്ടെത്തുന്നതാവാം. ഇത്തരം ആശ്രിതവത്സലരെ ഒഴിവാക്കാന്‍ പഠിക്കണം. ഒരു പക്ഷേ ഈ സഹായികള്‍ സദുദ്ദേശ്യത്തോടെ ചെയ്യുന്നതാണ് സഹായമെങ്കില്‍പ്പോലും അവരോട് നിങ്ങള്‍ കടക്കെണിയില്‍ നിന്നു പുറത്തു വരാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന കാര്യം പറയുക. ചിലപ്പോള്‍ അവര്‍ക്ക് കൃത്യമായ ഉപദേശം നല്‍കാന്‍ കഴിഞ്ഞേക്കും.

ചെലവു-വരവു പട്ടിക തയാറാക്കുക

കടം വരുന്നതിന്‍റെ പ്രധാന കാരണം വരവിനെക്കുറിച്ചും ചെലവിനെക്കുറിച്ചും ചിന്തിക്കാത്തതുകൊണ്ടാണല്ലോ. ഒന്നു ചോദിക്കട്ടെ, നിങ്ങളുടെ കൈവശം ഉള്ള ഓരോ ചില്ലി പൈസയും എങ്ങോട്ടു പോകുന്നുവെന്നു നിങ്ങള്‍ക്ക് വല്ല നിശ്ചയവുമുണ്ടോ? അത് അറിഞ്ഞാല്‍ മാത്രമേ നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ എന്തെങ്കിലും വ്യത്യാസം വരുത്തുവാന്‍ സാധിക്കൂ. അതിനായി ചെലവിന്‍റെ ഒരു ദൈനംദിന പട്ടിക ഉണ്ടാക്കണം. കഴിഞ്ഞ മാസം പച്ചക്കറി വാങ്ങാന്‍ എത്ര ചെലവാക്കി, യാത്രയ്ക്കായി ബസിനും ഓട്ടോയ്ക്കും മറ്റും എത്ര കൂലി കൊടുത്തു, സ്വന്തമായി വാഹനമുണ്ടെങ്കില്‍ എത്ര രൂപയ്ക്ക് പെട്രോള്‍ വാങ്ങി, തനിച്ചും കൂടൂംബാംഗങ്ങളുമൊത്തും പുറത്തു പോയി ഭക്ഷണം കഴിക്കാന്‍ എത്ര രൂപ ചെലവായി എന്നിങ്ങനെയുള്ള വിവരങ്ങളുടെ ഒരു പട്ടിക. ഇതേക്കുറിച്ച് നിങ്ങള്‍ക്കൊരുപക്ഷേ ഒരേകദേശ കണക്ക് അറിയാമായിരിക്കും. അത് പോരാ. ‘രാവിലെ ഒരു അഞ്ഞൂറിന്‍റെ നോട്ടും കൊണ്ട് ഇറങ്ങിയാല്‍ വൈകിട്ടു വരുമ്പോള്‍ കീശ കാലി’ എന്നീ മട്ടിലുള്ള പൊതുപ്രസ്താവനകളല്ല വേണ്ടത്. ഈ അഞ്ഞൂറു രൂപ എവിടെ പോയി എന്നു കൃത്യമായി പറയാന്‍ കഴിയണം. അതിനാണ് ഇങ്ങനെയൊരു നിത്യചെലവ് പട്ടിക. നിങ്ങള്‍ എന്ത് ചെലവാക്കിയാലും, അത് എഴുതിയിടുക. ഇതിനായി ഒരു കടലാസും പേനയും കീശയില്‍ കരുതുക. ചെക്ക് വഴി കൊടുത്ത തുക വേറെ എഴുതുക. ഇങ്ങനെ ഓരോ ദിവസത്തെയും ചെലവുകള്‍ കൃത്യമായി എഴുതി വയ്ക്കണം. ഇതുപോലെ ഒരു പ്രതിവാര ചെലവു പട്ടികയും വരച്ചുണ്ടാക്കാം. പ്രതിവാരപ്പട്ടികയില്‍ യാത്ര, പച്ചക്കറി, പലവ്യഞ്ജനം, പത്രം, സിനിമ, ഇന്ധനം എന്നിങ്ങനെ തലക്കെട്ടുകളെവുതി ചെലവുകള്‍ രേഖപ്പെടുത്തണം. ഈ ആഴ്ചപ്പട്ടികകള്‍ ഒരുമിച്ചു ചേര്‍ത്ത് ഒടുവിലൊരു മാസപ്പട്ടികയും ഉണ്ടാക്കണം.

ഈ പട്ടികയില്‍ ചെലവു കോളം കഴിഞ്ഞ് മറ്റൊരു കോളത്തില്‍ ഓരോ ദിവസത്തെയും ആഴ്ചയിലെയും മാസത്തെയും യഥാര്‍ത്ഥ ചെലവുകള്‍ കൂടി എഴുതണം. അതായത് ഓരോ ചെലവിനും എതിരെ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ചെലവഴിക്കാന്‍ സാധിക്കുന്ന തുക. ഇത് കൂട്ടി വരുമ്പോള്‍ നിങ്ങളുടെ മാസവരുമാനം കഴിയാന്‍ പാടില്ല. ചില സ്ഥലങ്ങളില്‍ തുക ചുരുക്കിപ്പിടിച്ച് ഇത് നിങ്ങള്‍ക്ക് സാധിക്കും. ഇപ്പറഞ്ഞതുകൊണ്ട് നിങ്ങളുടെ വ്യക്തിപരമായ സന്തോഷങ്ങളെല്ലാം ഒഴിവാക്കണമെന്ന് അര്‍ത്ഥമില്ല. അവ ചുരുക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യുക. ചെലവു ചുരുക്കി നിങ്ങളുടെ ജീവിതത്തിന്‍റെ ഉത്കൃഷ്ടത കുറയ്ക്കുകയല്ല ഉദ്ദേശ്യം. കടം വാങ്ങുന്നത് ഒഴിവാക്കുക എന്നതാണ്.

മനസ്സിന്‍റെ വഴികള്‍

ഇതിനൊക്കെയിടയിലും നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങള്‍ തിരിച്ചറിയാന്‍ മറക്കരുത്. ഒരു കടലാസ്സില്‍ ‘എന്‍റെ ജീവിതത്തിലെ അനുഗ്രഹങ്ങള്‍’ എന്നെഴുതി അതിനു താഴെ അനുഗ്രഹങ്ങളായി കാണുന്നതെല്ലാം എഴുതുക. അനുഗ്രഹങ്ങളായി ഒന്നുമില്ല എന്നു പറയരുത്. നിങ്ങള്‍ ആരോഗ്യവാനല്ലേ, നിങ്ങളുടെ വീട്ടിന്‍റെ മുറ്റത്ത് കിളി കൂടുവച്ച ഒരു വൃക്ഷമില്ലേ, നിങ്ങള്‍ക്ക് പാടാനറിയില്ലേ, നിങ്ങള്‍ക്ക് സുന്ദരിയായ ഭാര്യയില്ലേ, നിങ്ങളുടെ മകള്‍ക്ക് മെഡിസിന് അഡ്മിഷന്‍ ലഭിച്ചില്ലേ എന്നിങ്ങനെ എന്തെല്ലാമുണ്ട് എഴുതാന്‍? ഈ അനുഗ്രഹങ്ങളെക്കുറിച്ച് എഴുതി അതിന്‍റെ പേരില്‍ ദൈവത്തോടു നന്ദി പറയുക.

ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ കടം ഉണ്ടാവാന്‍ വഴിയില്ല. പക്ഷേ പുതിയ കടമില്ലാതായി എന്നു വച്ച് ധാരാളിത്തത്തിലേക്കു മടങ്ങരുത്. ഇപ്പോഴും പഴയ കടം വീട്ടുവാനും വരുമാനത്തിനുള്ളില്‍ ചെലവു നിര്‍ത്താനും ശ്രമിക്കേണം. അതിന് ഒന്നുകില്‍ ചെലവു വീണ്ടും കുറയ്ക്കുക, അല്ലെങ്കില്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കുക. കടമില്ലാതായാല്‍ത്തന്നെ പലരുടെയും ജീവിതത്തില്‍ സന്തോഷം കടന്നു വരും. സന്തോഷം നിറയുന്ന മനസ്സില്‍ സമ്പത്തിന്‍റെ വെളിച്ചം നിറയും. അതല്ലേ നിങ്ങള്‍ ആഗ്രഹിക്കുന്നത്?



Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.




Cart

View cart


Want a call from our Counselor? 

 

 

%d bloggers like this:
lifeline

FREE
VIEW