മനസില്‍ രൂപം കൊണ്ട കരവിരുത്

Written by on 21st July 2018

ജൂഡ്സണ്‍ എന്‍ജിനീയറല്ല, ആര്‍ക്കിടെക്ടുമല്ല. ഡ്രാഫ്റ്റ്സ്മാന്‍ പരിശീലനത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് പോലുമില്ല. പക്ഷേ ഈ യുവാവ് ഇന്ന് ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ ആര്‍ക്കിടെക്ച്വറല്‍ വിഷ്വലൈസറാണ്! ദുബായിലെ സബീന്‍ രാജവംശത്തിന്‍റെ കൊട്ടാരം മുതല്‍ ചിറ്റിലപ്പിള്ളി കൊച്ചൗസേപ്പിന്‍റെ വീഗാലാന്‍റ് വരെ രൂപകല്‍പന ചെയ്തത് ജൂഡ്സനാണ്. പീറ്റര്‍ ജൂഡ്സണ്‍. സൗദി അറേബ്യയിലും യു.എ.ഇ.യിലും ഖത്തറിലും ആസ്ട്രേലിയയിലുമായി മഹാനഗരങ്ങള്‍ക്ക് തിലകക്കുറി ചാര്‍ത്തി നില്‍ക്കുന്ന നൂറുകണക്കിന് സൗധങ്ങളുടെ അകംപുറം കാഴ്ചകള്‍ രൂപകല്‍പന ചെയ്തത് ജൂഡ്സനാണ. ചുരുക്കം.

കലയോടുള്ള അഭിനിവേശം

കൊച്ചിയില്‍ ചുള്ളിക്കലില്‍ സാധാരണക്കാരനായി ജനിച്ച ജൂഡ്സണ്‍ ഇന്നത്തെ നിലയിലേക്കുയര്‍ന്നത് ഒരു ദിവസംകൊണ്ടല്ല. പുതിയ തലമുറയ്ക്ക് വിശ്വസിക്കാന്‍ പോലുമാകാത്ത യാതനകളുടെയും സഹനത്തിന്‍റെയും ഭൂതകാലമാണ് ചുള്ളിക്കല്‍ പുത്തന്‍പറമ്പില്‍ റാഫേല്‍ – ഫിലോമിന ദമ്പതികളുടെ മകനെ ഈ നേട്ടങ്ങളിലേക്ക് എത്തിച്ചത്. സാധാരണക്കാരനായ റാഫേലിന്‍റെ മകനെ ലോകമറിയുന്നവനാക്കിയത് തീക്ഷ്ണമായ ആഗ്രഹവും കലയോടുള്ള അഭിനിവേശവും ആത്മവിശ്വാസവുമാണ്. 
ചിത്രരചനയില്‍ ജൂഡ്സണ് നൈസര്‍ഗികമായ വാസനയുണ്ടായിരുന്നു. സാമ്പത്തികബുദ്ധിമുട്ട് മൂലം പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ പഠനം അവസാനിപ്പിക്കേണ്ടിവന്നു ജൂഡ്സന്.

കടലാസിനപ്പുറത്തേക്ക്

കടലാസിനപ്പുറത്തേക്കു ജൂഡ്സന്‍റെ ഭാവനയ്ക്ക് വളരാനാകുമെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് അയാളുടെ ഇടവകപ്പള്ളി വികാരിയായിരുന്ന ഫാ. പീടിയേക്കലാണ്. പള്ളിയുടെ മുഖപ്പ് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചപ്പോള്‍ അതെങ്ങനെയായിരിക്കണമെന്ന് വരച്ചു കാണിക്കാന്‍ അച്ചന്‍ ജൂഡ്സണോടു പറഞ്ഞു. ഭാവനയില്‍ നിന്ന് ജൂഡ്സണ്‍ വരച്ചെടുത്ത മുഖപ്പ് അച്ചനു വളരെ ഇഷ്ടപ്പെട്ടു.

പണിക്കു പോകുന്ന അപ്പനെ സഹായിക്കാന്‍ ജൂഡ്സണും കൂടി. എന്നാല്‍ അതുകൊണ്ടുമാത്രം മാതാപിതാക്കളും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന് താങ്ങാകാന്‍ കഴിയുകയില്ലെന്നു കണ്ട ജൂഡ്സണ്‍ മറ്റു തൊഴിലിന്‍റെ അന്വേഷണം ത്വരിതപ്പെടുത്തി. ഒടുവില്‍ അന്നത്തെ പല യുവാക്കളും ചെയ്തതുപോലെ ജോലി തേടി ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ചു. പത്താം ക്ലാസു വരെ മാത്രം പഠിച്ച ജൂഡ്സണ്‍ ആദ്യം ഏറെ കഷ്ടപ്പെട്ടു. ജൂഡ്സന്‍റെ കഴിവിനൊത്ത ജോലിയൊന്നുമല്ല കിട്ടിയത്. ഒട്ടകത്തെ മേയ്ക്കുന്നതുള്‍പ്പടെയുള്ള പല ജോലികളും ചെയ്തു. എങ്ങനെയും വീട്ടിലേക്ക് കൃത്യമായ പണം അയയ്ക്കണം എന്നതു മാത്രമായിരുന്നു ആ യുവാവിന്‍റെ ലക്ഷ്യം.

ആര്‍ക്കിടെക്ചറല്‍ ഡിസൈനിംഗ്

ആയിടയ്ക്ക് ഈജിപ്ഷ്യന്‍ ആര്‍ക്കിടെക്ടായ മേദത്ത് എം. ഉസ്മാനെ കണ്ടുമുട്ടിയത് ജൂഡ്സന്‍റെ ജീവിതം മാറ്റിമറിച്ചു. പത്രങ്ങളിലും മാസികകളും അച്ചടിച്ചുവരുന്ന ചിത്രങ്ങള്‍ കടലാസിലേക്ക് അതേപടി പകര്‍ത്തുന്നതിനുള്ള ജൂഡ്സന്‍റെ കഴിവാണ് മേദത്ത് ഉസ്മാനെ ആകര്‍ഷിച്ചത്. ആര്‍ക്കിടെക്ട് ഉസ്മാന്‍ ജൂഡ്സണെ ഒപ്പം കൂട്ടി. പ്രഗല്‍ഭനായ ആര്‍ക്കിടെക്ടിന്‍റെ പ്രോത്സാഹനവും മാര്‍ഗനിര്‍ദേശവും ജൂഡ്സന്‍റെ ജന്മസഹജമായ കല്‍പ്പനാവൈഭവത്തെ പതിന്മടങ്ങ് ജ്വലിപ്പിച്ചു. ആര്‍ക്കിടെക്ചറല്‍ ഡിസൈനിംഗുമായി ബന്ധപ്പെട്ട് ദുബായ് രാജകുടുംബവുമായി അടുത്തതോടെ ജൂഡ്സന്‍റെ കഴിവുകള്‍ക്ക് ഗള്‍ഫിലാകെ പ്രചാരം ലഭിച്ചു. 
പതിനഞ്ച് വര്‍ഷത്തെ ഗള്‍ഫ് വാസത്തിനിടെ ജൂഡ്സണ്‍ അതിമനോഹരമായ നിരവധി ചെറുതും വലുതുമായ കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്തു. 1990 ല്‍ കൊച്ചിയിലും പിന്നീട് ദുബായിലും ജൂഡ്സണ്‍ സ്വന്തമായി ഓഫീസുകള്‍ തുറന്നു. അബി (ചുങ്കത്ത് പ്രിന്‍സ് ജൂവലേഴ്സ്), ചലച്ചിത്ര നടന്‍ ഹരിശ്രീ അശോകന്‍, സതീഷ് കമ്മത്ത് (ജയലക്ഷ്മി സില്‍ക്സ്), ടി.ടി. സണ്ണി (സണ്ണി ഡയമണ്ട്സ്) മുതലായ പ്രശസ്തരായ നിരവധി പേരുടെ വീടുകള്‍ ജൂഡ്സണ്‍ ഡിസൈന്‍ ചെയ്തവയാണ്.Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.
Cart

View cart


Want a call from our Counselor? 

 

 

lifeline

FREE
VIEW