മിറാക്കിൾ

Written by on 12th January 2019

അവള്‍ ഓടിപ്പോയി പ്ളാസ്റ്റിക്ക് കൊണ്ടുളള ചെറിയ പിഗ്ഗി ബാങ്കില്‍ (കാശിന്‍ കുടുക്ക) സൂക്ഷിച്ചു വെച്ചിരുന്ന നാണയത്തുട്ടുകള്‍ പുറത്തെടുത്ത് ശ്രദ്ധയോടെ എണ്ണി നോക്കുവാന്‍ തുടങ്ങി… നാണയങ്ങളുടെ മൂല്യം എണ്ണി നോക്കി തിട്ടപ്പെടുത്തുവാന്‍ ഏഴു വയസ്സുകാരി പഠിച്ചു വരുന്നേയുളളൂ… ആ മരുന്നിന് എത്ര തുക ആവശ്യമായി വരുമെന്ന് അവള്‍ക്ക് നിശ്ചയമില്ലായിരുന്നു… എങ്കിലും നാണയ തുട്ടുകളെല്ലാം പെറുക്കിയെടുത്ത് ഒരു തൂവാലയില്‍ പൊതിഞ്ഞ് കയ്യിലൊതുക്കിപ്പിടിച്ച് അവള്‍ പുറത്തേയ്‌ക്കോടി…

മെഡിക്കല്‍ ഷോപ്പില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല… ഫാര്‍മസിസ്റ്റ് മറ്റൊരു വ്യക്തിയുമായി ഉത്സാഹത്തോടെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു…“എനിക്കൊരു മരുന്ന് വേനം…” കൊച്ചു കുട്ടിയായതു കൊണ്ട് ഫാര്‍മസിസ്റ്റ് അവളെ പ്രത്യേകം ശ്രദ്ധിച്ചു… “പ്രിസ്‌ക്രിപ്ഷന്‍ കാണിക്കൂ.” “അതെന്തിനാ… ?” ഫാര്‍മസിസ്റ്റിന്‍റെ മുഖത്ത് അക്ഷമ നിഴലിക്കുവാന്‍ തുടങ്ങി… “മരുന്നിന്‍റെ പേരറിയുമോ,,,?” സംശയത്തോടെ വിക്കി വിക്കി അവള്‍ പറഞ്ഞു… “അത്… മരുന്നിന്‍റെ പേര്… ‘മിരക്കില്‍’ ന്നാ… ‘മിരക്കില്‍’…” “എന്ത്…. എന്താ…” അവള്‍ ആവര്‍ത്തിച്ചു… “മിരക്കില്‍…” അയാളുടെ മുഖത്തെ സംശയം കണ്ടിട്ടായിരിക്കണം അവള്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു… “മിരക്കില്‍… ‘മിരക്കില്‍’ന്ന് തന്ന്യാ..” അയാള്‍ നിരാശയോടെ തലയാട്ടി…

“ആ പേരില്‍ ഒരു മരുന്ന് ഇവിടെ ഇല്ലല്ലോ… എന്താണ് അസുഖം എന്നറിയുമോ…?” അവളുടെ കുഞ്ഞുമുഖം വാടി… “എനിക്കറിയില്ല… കാശ് കൊണ്ട്ന്നിറ്റ്ണ്ട്… ദാ…” തൂവാലയില്‍ പെതിഞ്ഞു കൊണ്ടു വന്ന നാണയത്തുട്ടുകള്‍ അവള്‍ അയാള്‍ക്കു മുന്നില്‍ തുറന്നു കാണിച്ചു… “മതിയായില്ലെങ്കി… ഇനീം കൊണ്ട്‌രാം…” അയാള്‍ സഹതാപത്തോടെ ചിരിച്ചു… “നോക്കൂ കുട്ടീ… ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്ന് തരാന്‍ പാടില്ല… മാത്രവുമല്ല, ആ പേരിലൊരു മരുന്ന് ഇവിടില്ല… എനിക്കൊന്നും ചെയ്യാനാവില്ല…” അവളുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു… അതു വരെ സംസാരിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന ഫാര്‍മസിസ്റ്റിന്‍റെ സുഹൃത്ത് ആ കുട്ടിയെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു… അയാള്‍ നടന്നു വന്ന് അവള്‍ക്കു സമീപം, മുട്ടുകളില്‍ നിന്നു കൊണ്ട് ചോദിച്ചു… “സാരല്ല്യ… മോളെ അങ്കിള്‍ സഹായിക്കാം… ആദ്യം ആര്‍ക്കു വേണ്ടിയാണ് ഈ മരുന്നെന്ന് പറയണം…”

“എന്‍റെ ചേട്ടനാ… ചേട്ടന് തീരെ വയ്യ…” “എന്താണ് ചേട്ടന്‍റെ അസുഖം…?” “അറിയില്ല… എന്തോ വെല്യ അസുഖാന്നാ ഡോക്ടറ് പറഞ്ഞേ…” “ആണോ… മോള്‍ക്ക് ഈ മരുന്നിന്‍റെ പേര് ആരാ പറഞ്ഞു തന്നത്…?” “ഡോക്ടറ് പറയണത് മോള് കേട്ടതാ… ഇനി ഈ മരുന്നിന് മാത്രെ ചേട്ടനെ രഷിച്ചാന്‍ പറ്റ്വളേളാന്നാ ഡോക്ടറ് പറഞ്ഞെ…” അപ്പോഴേയ്ക്കും അവള്‍ കരയാന്‍ തുടങ്ങിയിരുന്നു… “മോളൂനെ പോലെ മിടുക്കി കുട്ടികള്‍ കരയാന്‍ പാടില്ല… എവിടെയാ മോളൂന്‍റെ ചേട്ടന്‍ ഇപ്പോള്‍ കിടക്കുന്നത്…?” “ദാ… അവിടെയാ…” “നമുക്ക് രണ്ടാള്‍ക്കും കൂടി മോള്‍ടെ ചേട്ടനെ കാണാന്‍ പോകാം വരൂ…” ആ കുട്ടിയെ സുരക്ഷിതയായി അവളുടെ മാതാപിതാക്കളെ ഏല്‍പ്പിക്കുക എന്നതു മാത്രമായിരുന്നു അയാളുടെ ലക്ഷ്യം… മാതാപിതാക്കളില്‍ നിന്നും, പത്തു വയസ്സുളള, അസുഖ ബാധിതനായ, അവളുടെ സഹോദരനെ രക്ഷിക്കുവാന്‍ സങ്കീര്‍ണ്ണമായ ഒരു സര്‍ജറി ആവശ്യമാണെന്നും എന്നാല്‍ ‍പോലും രക്ഷപ്പെടുവാനുളള സാധ്യത കുറവാണെന്നും അയാള്‍ മനസ്സിലാക്കി… സര്‍ജറിക്കാവശ്യമായ തുക ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അധികമായിരുന്നുവെന്നും, അതുവരെയുളള പരിശോധനാ -ചികിത്സകളുടെ വിശദാംശങ്ങളിലൂടെ അയാള്‍ കണ്ണോടിച്ചു… നഴ്‌സിനോടു സംസാരിച്ചതിനു ശേഷം കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറെ നേരില്‍ കാണണമെന്നും അയാള്‍ ആവശ്യപ്പെട്ടു… അയാള കണ്ടതും ഹോസ്പിറ്റലിലെ ഡോക്ടര്‍ ആദരവോടെ എഴുന്നേറ്റുനിന്നു…

പ്രശസ്തനായ, പ്രഗത്ഭനായ ന്യൂറോ സര്‍ജനായിരുന്നു ആ ആഗതനെന്ന് ഡോക്ടര്‍ വളരെ പെട്ടെന്നു തന്നെ തിരിച്ചറിയുകയായിരുന്നു… പെണ്‍കുട്ടിയുടെ സഹോദരന്‍റെ അസുഖത്തെ സംബന്ധിച്ച് അവര്‍ തമ്മില്‍ ദീര്‍ഘ നേരം സംസാരിച്ചു… മടങ്ങി പോകുന്നതിനു മുമ്പ് അയാള്‍ തിരിച്ചു വന്ന്, ചിരിച്ചു കൊണ്ട് ആ പെണ്‍കുട്ടിയോടു ചോദിച്ചു… മോളൂന്‍റെ കയ്യില്‍ എത്ര രൂപയുണ്ട്…” അവള്‍ ഉടന് ‍തന്നെ തൂവാലയില്‍ പൊതിഞ്ഞ നാണയത്തുട്ടുകള്‍ അദ്ദേഹത്തിനു നേര്‍ക്ക് നീട്ടി… അദ്ദേഹം അത് സന്തോഷ പൂര്‍വ്വം വാങ്ങി എണ്ണിനോക്കി… അറുപത്തിയെട്ടു രൂപ… “ഈ രൂപ കൃത്യമാണല്ലോ… !!! ഇത്ര തന്നെയാണ് ആ അത്ഭുത മരുന്നിന്‍റെ വിലയും…” അവളുടെ കുഞ്ഞു മുഖം സന്തോഷത്താല്‍ തുടുത്തു… പിറ്റേ ദിവസം, അവളുടെ സഹോദരന്‍റെ സര്‍ജറിയ്ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു… അവളും അച്ഛനും അമ്മയും പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു… വളരെ നേരിയ സാധ്യത മാത്രം കല്‍പ്പിച്ചിരുന്ന സങ്കീര്‍ണ്ണമായ ആ സര്‍ജറി, പ്രാഗത്ഭ്യത്തിന്‍റേയും അനുഭവസമ്പത്തിന്‍റേയും പിന്‍ ബലത്താല്‍ അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കി… !!!

അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ആശുപത്രി അധികൃതര്‍ സര്‍ജറി ചിലവ് ആ കുടുംബത്തില്‍ നിന്നും ഈടാക്കിയില്ല… കുട്ടിയുടെ അച്ഛനും അമ്മയും ഡോക്ടറുടെ മുന്നില്‍ കൈകൂപ്പി നിന്നു… “ദൈവമാണ് സാറിനെ ഇവിടെ എത്തിച്ചത്…” “ആയിരിക്കാം… പക്ഷേ ഞാന്‍ വിശ്വസിക്കുന്നു, ഈ കൊച്ചു മിടുക്കിയാണ് എന്നെ ഇവിടെ എത്തിച്ചതെന്ന്… അതിന് അവളെ പ്രേരിപ്പിച്ചത് നിങ്ങളുടെ ഡോക്ടര്‍ പറഞ്ഞ ഒരു വാചകവും… ആ വാചകം എന്തായിരുന്നെന്നോ…? “ഒരു മിറക്കിള്‍, അതിനു മാത്രമേ ഇനി ഈ കുട്ടിയെ രക്ഷിക്കുവാന്‍ കഴിയൂ…” എന്ന്. നിങ്ങള്‍ എല്ലാവരും അത്ഭുതം സംഭവിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു… കാത്തിരുന്നു… പക്ഷേ ഇവള്‍ മാത്രം അതിനെ തേടിയിറങ്ങി… മിടുക്കി…”

writer Chandhu ChandranComments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.Cart

View cart


Want a call from our Counselor? 

 

 

%d bloggers like this:
lifeline

FREE
VIEW